കാഴ്ച്ചപ്പാടുകൾക്ക് മങ്ങലേൽക്കരുതേ..- Jiji George

ജീവിതയാത്രയിൽ സഹയാത്രികരെപ്പറ്റി നമുക്ക് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. എന്നാൽ അവരെ കൂടുതൽ അറിയുമ്പോൾ കാഴ്ച്ചപ്പാടുകൾക്ക് മാറ്റം സംഭവിയ്ക്കാം. കാഴ്ച്ചപ്പാടിലെ മാറ്റം ആ വ്യക്തികളോടുള്ള നമ്മുടെ മനോഭാവത്തിലും മാറ്റങ്ങൾ ഉളവാക്കുന്നു. വിശുദ്ധവേദപുസ്തകത്തിൽ ലോകരക്ഷകനായ യേശുവിനെപ്പറ്റി വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്ന രണ്ട് വ്യക്തികളാണ് യോഹന്നാൻ സ്നാപകനും പത്രോസ് അപ്പോസ്തോലനും. യോഹന്നാൻ യേശുവിനെ ലോകത്തിന് പരിചയപ്പെടുത്തിയത്, ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് എന്നാണ്. യോഹ 1.29 യേശുവിന്‍റെ ശിഷ്യനായ പത്രോസ് നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു എന്ന് യേശുവിനെ വെളിപ്പെടുത്തുന്നു. എന്നാൽ സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ ഇവരുടെ കാഴ്ച്ചപ്പാടുകൾക്ക് മങ്ങലേൽക്കുന്നു. തന്‍റെ ശിഷ്യൻമാരെ വിട്ട് വരുവാനുള്ളവൻ നീയോ, അതോ ഞങ്ങൾ വേറൊരാളെ കാത്തിരിയ്ക്കണമോ എന്ന് ചോദിപ്പിച്ച മരുഭൂമിയിലെ പ്രവാചകന്‍റെയും തന്‍റെ ഗുരുവിനെ ഒരുനാളും അറിഞ്ഞിട്ടില്ല എന്ന് തള്ളിപ്പറഞ്ഞ അരുമശിഷ്യന്‍റെയും മനോഭാവത്തിലെ മാറ്റത്തിന് കാരണം മങ്ങലേറ്റ കാഴ്ച്ചപ്പാടാണ്.
        യേശു ആരാണ് എന്ന ഒരു ഉറപ്പ് നമുക്കുണ്ടോ...നമ്മുടെ പാപപരിഹാരങ്ങൾക്കായ് നമുക്കുപകരമായ് ക്രൂശിൽ പിടഞ്ഞവൻ, നിത്യമരണത്തിന്‍റെ അധീനതയിൽ നിന്നും നമ്മെ വീണ്ടെടുക്കുവാൻ മരണത്തെത്തോൽപ്പിച്ച് ഉയ‍ർത്തെഴുന്നേറ്റവൻ, നമ്മുടെ ബലഹീനതകളിൽ തുണനിൽക്കുവാൻ ദൈവവലഭാഗത്ത് നമുക്കായ് മദ്ധ്യസ്ഥത അണയ്ക്കുന്നവൻ, ഈ ദുരിതവാരിധിയിൽ നിന്നും നമ്മെ വീണ്ടെടുത്ത് തന്നോടു കൂടെച്ചേർക്കുവാൻ വേഗം വരുന്നവൻ.
 മാറി മാറി വരുന്ന ജീവിതസാഹചര്യങ്ങൾ  നമ്മുടെ കാഴ്ച്ചപ്പാടുകൾക്ക് മങ്ങലേൽപ്പിയ്ക്കാതിരിയ്ക്കണമെങ്കിൽ നമ്മുടെ ദൃഷ്ടി ക്രിസ്തുവിൽ കേന്ദ്രീകരിച്ചിരിയ്ക്കണം. ക്രിസ്തുവിൽ മാത്രം നോക്കിയുള്ള ഒരു ക്രിസ്തീയ യാത്രയ്ക്കായ് ദൈവം നമ്മെ സഹായിക്കട്ടെ.
like our facebook page for updates
www.facebook.com/kuwaitsharon


Comments

Popular posts from this blog

"ശ്രേഷ്ഠഭാവം"- by Bipin Peter